ഇന്ത്യയുടെ തെക്കുപടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനമാണ് കേരളം. അറബിക്കടലിനും സഹ്യപര്‍വതത്തിനും ഇടയിലായി കിടക്കുന്ന ഈ ഭൂപ്രദേശത്തിന് 38863 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുണ്ട്. മലയാളം മാതൃഭാഷയായിട്ടുള്ള കേരളം ദക്ഷിണേന്ത്യയെന്നു വിളിക്കപ്പെടുന്ന ഭാഷാ -സാംസ്‌കാരിക മേഖലയിലെ നാലു സംസ്ഥാനങ്ങളില്‍ ഒന്നാണ്. തമിഴ്‌നാടും കര്‍ണ്ണാടകവുമാണ് കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങള്‍. പോണ്ടിച്ചേരി (പുതുച്ചേരി) യുടെ ഭാഗമായ മയ്യഴി (മാഹി / Mahe) കേരളത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് അറബിക്കടലിലുള്ള ലക്ഷദ്വീപുകള്‍ കേന്ദ്രഭരണപ്രദേശമാണെങ്കിലും ഭാഷാപരമായും സാംസ്‌കാരികമായും കേരളത്തോട് അഭേദ്യമായ ബന്ധം പുലര്‍ത്തുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് വിവിധ രാജാക്കന്മാര്‍ക്കു കീഴിലുള്ള നാട്ടുരാജ്യങ്ങളായിരുന്നു കേരളം. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങള്‍ ചേര്‍ത്ത് തിരു-കൊച്ചി സംസ്ഥാനം രൂപവത്‌കരിച്ചു. ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ മദ്രാസ് സംസ്ഥാനത്തെ (ഇന്നത്തെ തമിഴ്‌നാട്) ഒരു ജില്ലയായിരുന്ന മലബാര്‍ പിന്നീട് തിരു-കൊച്ചിയോടു ചേര്‍ത്തതോടെ 1956 നവംബര്‍ ഒന്നിന് ഇന്നത്തെ കേരള സംസ്ഥാനം നിലവില്‍ വന്നു. മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ഐക്യകേരളം.
പൗരാണികമായ ചരിത്രവും ദീര്‍ഘകാലത്തെ വിദേശവ്യാപാരബന്ധവും കലാശാസ്‌ത്രരംഗങ്ങളിലെ പാരമ്പര്യവും കേരളത്തിന് അവകാശപ്പെടാനുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കുള്ള സംസ്ഥാനമായ കേരളം സാമൂഹികനീതി, ആരോഗ്യ നിലവാരം, ലിംഗസമത്വം, ക്രമസമാധാന നില, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും ഉയര്‍ന്ന നിലയിലാണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് കേരളത്തിലാണ്.
സസ്യശ്യാമളവും ജലസമൃദ്ധവുമായ കേരളത്തെ മഴയുടെ സ്വന്തം നാടായി വിശേഷിപ്പിച്ചാല്‍ തെറ്റില്ല. മികച്ച കാലാവസ്ഥയും ഗതാഗതസൗകര്യങ്ങളും സാംസ്‌കാരിക പൈതൃകവും കേരളത്തെ വിനോദ സഞ്ചാരികളുടെ പ്രിയങ്കരമായ ഇടമാക്കുന്നു. മതമൈത്രിക്കു പണ്ടേ പ്രശസ്‌തമായ കേരളം വിവിധ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയാണ്. ഉയര്‍ന്ന രാഷ്ട്രീയ ബോധവും മാധ്യമങ്ങള്‍ക്കുള്ള സ്വാധീനതയും സംസ്‌കാര സ്വാംശീകരണശേഷിയും കേരളത്തെ ഇന്ത്യയിലെ സവിശേഷ ഭൂവിഭാഗങ്ങളിലൊന്നായി നില നിര്‍ത്തുന്നു.
ചരിത്രംപൗരാണികമായ ചരിത്രവും ദീര്‍ഘകാലത്തെ വിദേശവ്യാപാരബന്ധവും കലാശാസ്‌ത്രരംഗങ്ങളിലെ പാരമ്പര്യവും കേരളത്തിന് അവകാശപ്പെടാനുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കുള്ള സംസ്ഥാനമായ കേരളം സാമൂഹികനീതി, ആരോഗ്യ നിലവാരം, ലിംഗസമത്വം, ക്രമസമാധാന നില, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും ഉയര്‍ന്ന നിലയിലാണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് കേരളത്തിലാണ്.
സസ്യശ്യാമളവും ജലസമൃദ്ധവുമായ കേരളത്തെ മഴയുടെ സ്വന്തം നാടായി വിശേഷിപ്പിച്ചാല്‍ തെറ്റില്ല. മികച്ച കാലാവസ്ഥയും ഗതാഗതസൗകര്യങ്ങളും സാംസ്‌കാരിക പൈതൃകവും കേരളത്തെ വിനോദ സഞ്ചാരികളുടെ പ്രിയങ്കരമായ ഇടമാക്കുന്നു. മതമൈത്രിക്കു പണ്ടേ പ്രശസ്‌തമായ കേരളം വിവിധ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയാണ്. ഉയര്‍ന്ന രാഷ്ട്രീയ ബോധവും മാധ്യമങ്ങള്‍ക്കുള്ള സ്വാധീനതയും സംസ്‌കാര സ്വാംശീകരണശേഷിയും കേരളത്തെ ഇന്ത്യയിലെ സവിശേഷ ഭൂവിഭാഗങ്ങളിലൊന്നായി നില നിര്‍ത്തുന്നു.
കേരളം എന്ന വാക്ക് എവിടെ നിന്നുണ്ടായി എന്നതിനെപ്പറ്റി പണ്ഡിതന്മാര്‍ പലതരം വാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിന്റെ പേരിനെപ്പറ്റി അഭിപ്രായയൈക്യമില്ലെങ്കിലും 'ചേര്‍' (കര, ചെളി...) 'അളം' (പ്രദേശം) എന്നീ വാക്കുകള്‍ ചേര്‍ന്നാണ് 'കേരളം' ഉണ്ടായതെന്ന വാദമാണ് പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്.(1) കടലില്‍ നിന്നുണ്ടായ ഭൂപ്രദേശമെന്നും പര്‍വതവും കടലും തമ്മില്‍ ചേരുന്ന പ്രദേശമെന്നുമുള്ള അര്‍ത്ഥങ്ങള്‍ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നു. പ്രാചീന വിദേശ സഞ്ചാരികള്‍ കേരളത്തെ 'മലബാര്‍' എന്നും വിളിച്ചിട്ടുണ്ട്.
ആയിരക്കണക്കിനു വര്‍ഷം മുമ്പു തന്നെ കേരളത്തില്‍ മനുഷ്യവാസം ആരംഭിച്ചിരുന്നു. മലയോരങ്ങളിലാണ് ആദ്യമായി മനുഷ്യവാസം തുടങ്ങിയത്.(2) പ്രാചീന ശിലായുഗത്തിലെ ഏതാനും അവശിഷ്ടങ്ങള്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ നിന്നു കിട്ടിയിട്ടുണ്ട്. ഈ പ്രാക് ചരിത്രാവശിഷ്ടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിലെ മനുഷ്യവാസത്തെപ്പറ്റി വിപുലമായ തെളിവുകള്‍ നല്‍കുന്നത് മഹാശിലാസ്‌മാരകങ്ങള്‍ (megalithic monuments) ആണ്. ശവപ്പറമ്പുകളാണ് മിക്ക മഹാശിലാസ്‌മാരകങ്ങളും. കുടക്കല്ല്, തൊപ്പിക്കല്ല്, കന്മേശ, മുനിയറ, നന്നങ്ങാടി തുടങ്ങിയ വിവിധതരം മഹാശിലാ ശവക്കല്ലറകള്‍ കണ്ടെടുത്തിട്ടുണ്ട്. ബി. സി. 500 - എ.ഡി. 300 കാലമാണ് ഇവയുടേതെന്നു കരുതുന്നു.(3) മലമ്പ്രദേശങ്ങളില്‍ നിന്നാണ് മഹാശിലാവശിഷ്ടങ്ങള്‍ ഏറിയപങ്കും കിട്ടിയിട്ടുള്ളത് എന്നതില്‍ നിന്നും ആദിമ ജനവാസമേഖലകളും അവിടെയായിരുന്നുവെന്നു മനസ്സിലാക്കാം.
കേരളത്തിലെ ആവാസകേന്ദ്രങ്ങള്‍ വികസിച്ചതിന്റെ അടുത്തഘട്ടം സംഘകാലമാണ്. പ്രാചീന തമിഴ് സാഹിത്യകൃതികള്‍ ഉണ്ടായ കാലമാണിത്. സംഘകാലമായ എ.ഡി. മൂന്നാം നൂറ്റാണ്ടു മുതല്‍ എട്ടാം നൂറ്റാണ്ടു വരെ കേരളത്തിലേക്ക് ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് കുടിയേറ്റങ്ങളുണ്ടായി. ബുദ്ധ, ജൈന മതങ്ങളും ഇക്കാലത്ത് പ്രചരിച്ചു. ബ്രാഹ്മണരും കേരളത്തിലെത്തി. 64 ബ്രാഹ്മണ ഗ്രാമങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഉയര്‍ന്നു വന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ ക്രിസ്‌തുമതം കേരളത്തിലെത്തിയതായി കരുതപ്പെടുന്നു. എ. ഡി. 345-ല്‍ കാനായിലെ തോമസിന്റെ നേതൃത്വത്തില്‍ പശ്ചിമേഷ്യയില്‍ നിന്ന് ഏഴു ഗോത്രങ്ങളില്‍പ്പെട്ട 400 ക്രൈസ്‌തവര്‍ എത്തിയതോടെ ക്രിസ്‌തുമതം പ്രബലമാകാന്‍ തുടങ്ങി. സമുദ്രവ്യാപാരത്തിലൂടെ അറേബ്യയുമായി ബന്ധപ്പെട്ടിരുന്ന കേരളത്തില്‍ എ. ഡി. എട്ടാം നൂറ്റാണ്ടോടെ ഇസ്‌ലാം മതവും എത്തിച്ചേര്‍ന്നു.
തമിഴകത്തിന്റെ ഭാഗമായാണ് പ്രാചീന കേരളത്തെ ചരിത്ര രചയിതാക്കള്‍ പൊതുവേ പരിഗണിക്കുന്നത്. കേരളത്തിലെ ജനങ്ങളും ഭൂപ്രകൃതിയുമായുള്ള ബന്ധവും ആവാസകേന്ദ്രങ്ങളുടെയും ഉത്‌പാദന സമ്പ്രദായത്തിന്റെയും ഭാഷയുടെയും വികാസവും സവിശേഷതകളും കേരളത്തിന്റെ തനതു വ്യക്തിത്വം രൂപപ്പെടാന്‍ സഹായിച്ചു. കൃഷിയിലും വിഭവങ്ങളിലുമുള്ള നിയന്ത്രണം ഇവിടെത്തന്നെ വളര്‍ന്നു വന്ന സാമൂഹികശക്തികള്‍ക്കായപ്പോള്‍ കേരളം നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന സാമൂഹിക മാറ്റങ്ങള്‍ക്കു വിധേയമായി ചെറു നാടുകളുടെയും വലിയ രാജ്യങ്ങളുടെയും സവിശേഷ സാമൂഹിക സ്ഥാപനങ്ങളുടെയും രൂപപ്പെടല്‍ ഉണ്ടായി.
സാമ്രാജ്യങ്ങളും യുദ്ധങ്ങളും ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസവും വൈദേശിക ശക്തികളുടെ വരവും നീണ്ടകാലത്തെ കോളനി വാഴ്‌ചയും ജാതിവ്യവസ്ഥയും ചൂഷണവും വിദ്യാഭ്യാസപുരോഗതിയും ശാസ്‌ത്രമുന്നേറ്റവും വ്യാപാര വളര്‍ച്ചയും സാമൂഹിക നവോത്ഥാന, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവുമെല്ലാം ചേര്‍ന്ന ചരിത്രമാണത്.
സൗകര്യത്തിനു വേണ്ടി കേരളത്തിന്റെ ചരിത്രത്തെ പ്രാചീന ചരിത്രം, മധ്യകാല ചരിത്രം, ആധുനിക ചരിത്രം എന്നു മൂന്നായി വിഭജിക്കാം.
ഭൂപ്രകൃതി
ദൈവത്തിന്റെ സ്വന്തം നാട് (God's Own Country) എന്ന പരസ്യവാക്യം കേരളത്തെ സംബന്ധിച്ച് അതിശയോക്തിയല്ല. ഉഷ്‌ണമേഖലാ കാലാവസ്ഥയും സമൃദ്ധമായ മഴക്കാലങ്ങളും സുന്ദരമായ ഭൂപ്രകൃതിയും ജലസമ്പത്തും വനങ്ങളും നീണ്ട കടല്‍ത്തീരവും നാല്‌പതിലധികം നദികളും കേരളത്തെ അനുഗ്രഹിക്കുന്നു. ഉത്തര അക്ഷാംശം 8 ഡിഗ്രി 17' 30" നും 12 ഡിഗ്രി 47' 40" നും ഇടയ്‌ക്കും പൂര്‍വ്വരേഖാംശം 74 ഡിഗ്രി 7' 47" നും 77 ഡിഗ്രി 37' 12" നും ഇടയ്‌ക്കുമാണ് ഭൂമിശാസ്‌ത്രപരമായി കേരളത്തിന്റെ സ്ഥാനം. സഹ്യാദ്രിക്കും അറബിക്കടലിനുമിടയില്‍ ഹരിതാഭമായ ഒരു അരഞ്ഞാണം പോലെ കിടക്കുന്ന ഈ ഭൂപ്രദേശത്തിന്റെ ഉത്‌പത്തിയെപ്പറ്റിയുള്ള പ്രഖ്യാതമായ പുരാവൃത്തമാണ് പരശുരാമ കഥ. മഹാവിഷ്‌ണുവിന്റെ ദശാവതാരങ്ങളിലൊരാളായ പരശുരാമന്‍ മഴു എറിഞ്ഞ് കടലില്‍ നിന്ന് ഉയര്‍ത്തിയെടുത്ത പ്രദേശമാണ് കേരളമെന്നാണ് ഐതിഹ്യം.
ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ പലതായി വിഭജിക്കാറുണ്ട്. മലനാട്, ഇടനാട്, തീരപ്രദേശം എന്ന സാമാന്യ വിഭജനത്തിനാണു കൂടുതല്‍ പ്രചാരം. കുറേക്കൂടി സൂക്ഷ്‌മമായി കിഴക്കന്‍ മലനാട് (Eastern Highland), അടിവാരം (Foot Hill Zone), ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങള്‍ (Hilly Uplands), പാലക്കാട് ചുരം, തൃശ്ശൂര്‍ - കാഞ്ഞങ്ങാട് സമതലം, എറണാകുളം - തിരുവനന്തപുരം റോളിങ്ങ് സമതലം, പടിഞ്ഞാറന്‍ തീരസമതലം എന്നീ പ്രകൃതി മേഖലകളായും വിഭജിക്കാറുണ്ട്. സഹ്യാദ്രിയോടു ചേര്‍ന്ന് തെക്കു വടക്കായി നീണ്ടു കിടക്കുന്നതാണ് മലനാട് അഥവാ കിഴക്കന്‍ മലനാട്. വന്യമൃഗങ്ങള്‍ നിറഞ്ഞ കാടുകളാണ് ഈ മേഖലയില്‍ ഏറിയപങ്കും. ഉഷ്‌ണ മേഖലാ നിത്യഹരിത വനങ്ങളും ചോലവനങ്ങളും ഇവിടെയുണ്ട്. കേരളത്തിലെ പ്രധാന നദികളെല്ലാം ഉദ്‌ഭവിക്കുന്നതും മലനാട്ടില്‍ നിന്നു തന്നെ. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്തുള്ള സൈലന്റ് വാലിയാണ് ഏറ്റവും പ്രശസ്‌തമായ നിത്യഹരിത വനം. സൈലന്റ് വാലിയും ഇരവികുളവും ദേശീയോദ്യാനങ്ങളാണ്. ആനമുടി (2695 മീ.)യാണ് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി. അഗസ്‌ത്യകൂടം (1869 മീ.) തെക്കേയറ്റത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയും. സഹ്യാദ്രിക്കു സമാന്തരമാണ് തെക്കു വടക്കു നീളത്തിലുള്ള പടിഞ്ഞാറന്‍ തീരസമതലം. മലനാടിനും തീരസമതലത്തിനും ഇടയ്‌ക്കാണ് ഇടനാട്. കുന്നുകളും സമതലങ്ങളും അടങ്ങിയ ഭൂപ്രകൃതിയാണിവിടെ.
പടിഞ്ഞാറ് അറബിക്കടലിലേക്കോ കായലുകളിലേക്കോ ഒഴുകുന്ന 41 നദികള്‍, കിഴക്കോട്ടൊഴുകുന്ന മൂന്നു നദികള്‍, കായലുകള്‍, തോടുകള്‍ തുടങ്ങിയവ കേരളത്തെ ജലസമ്പന്നമാക്കുന്നു.
കാലാവസ്ഥ
ഭൂമധ്യരേഖയില്‍ നിന്ന് 8 ഡിഗ്രി മാത്രം അകന്നു കിടക്കുന്നതിനാല്‍ ഉഷ്‌ണമേഖലാ കാലാവസ്ഥയാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. ഭൂതലത്തിന്റെ നിമ്‌നോന്നതാവസ്ഥ കാലാവസ്ഥയെ സാരമായി ബാധിക്കുന്നു. കേരളത്തിലെ ഋതുക്കളെ മൂന്നായി വിഭജിക്കാം. പടിഞ്ഞാറന്‍ (കോട) മഴക്കാലം - (ജൂണ്‍ - സെപ്‌തംബര്‍), കിഴക്കന്‍ മഴക്കാലം (ഒക്ടോബര്‍ - ഡിസംബര്‍), വേനല്‍ക്കാലം (ജനുവരി - മേയ്) എന്നിവയാണവ(4). വേനല്‍ക്കാലത്തെ രണ്ടായും കണക്കാക്കാം. ജനുവരി - ഫെബ്രുവരിയിലെ തണുപ്പ് കാലവും മാര്‍ച്ച് - മേയിലെ വേനല്‍ക്കാലവും. പേരിനു മാത്രമുള്ളതാണ് കേരളത്തിലെ തണുപ്പുകാലം. താപനില 22 ഡിഗ്രി സെല്‍ഷ്യസ് താഴെപ്പോകുന്നത് കേരളത്തില്‍ അപൂര്‍വ്വമാണ്. കേരളത്തില്‍ കടലോര പ്രദേശങ്ങളില്‍ ഒരിക്കലും ഉഷ്‌ണനില 17.5 ഡിഗ്രി സെല്‍ഷ്യസില്‍ കുറഞ്ഞിട്ടില്ല(5). വേനല്‍ക്കാലത്തെ ശരാശരി താപനില 32 ഡിഗ്രി സെല്‍ഷ്യസിനും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.
വേഗം കുറഞ്ഞ കാറ്റുകളും ഉയര്‍ന്ന അളവിലുള്ള മഴയുമാണ് കേരളത്തിന്റെ കാലാവസ്ഥയുടെ സവിശേഷതകള്‍. പ്രധാന മഴക്കാലം തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവാ ഇടവപ്പാതിയാണ്. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ അഥവാ തുലാവര്‍ഷമാണ് മറ്റൊരു മഴക്കാലം. പ്രതിവര്‍ഷം 120-140 ദിവസങ്ങള്‍ കേരളത്തില്‍ മഴക്കാലമാണ്. ശരാശരി പ്രതിവര്‍ഷ മഴവീഴ്‌ച 3017 മില്ലി മീറ്ററായി കണക്കാക്കിയിട്ടുണ്ട്. മഴകള്‍ പലപ്പോഴും വെള്ളപ്പൊക്കം സൃഷ്ടിച്ച് കേരളീയരെ ദുരിതത്തിലാഴ്‌ത്തുന്നതു പതിവാണ്.
സമ്പദ്‌ഘടന
ഇന്ത്യയുടെ ദേശീയ സാമ്പത്തികരംഗത്തു നിന്നു വേര്‍തിരിച്ചു കാണാനാവില്ലെങ്കിലും ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായതു കൊണ്ട് സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക് സവിശേഷമായ സ്ഥാനമുണ്ട്. മനുഷ്യവികസനശേഷിയുടെ അടിസ്ഥാനസൂചകങ്ങളില്‍ കേരളം ആര്‍ജ്ജിച്ചിട്ടുള്ള നേട്ടങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ജനസംഖ്യാ വളര്‍ച്ച നിരക്ക്, ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന ജനസാന്ദ്രത, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, ഉയര്‍ന്ന സാമൂഹിക-ആരോഗ്യാവബോധം, കുറഞ്ഞ ശിശുമരണനിരക്ക്, ഉയര്‍ന്ന സാക്ഷരത, സാര്‍വജനീനമായ പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ സൗകര്യം തുടങ്ങിയവയെല്ലാം ചേര്‍ന്നുണ്ടാക്കുന്ന ഗുണമേന്മയുള്ള മനുഷ്യശേഷി സാമ്പത്തിക വളര്‍ച്ചയ്‌ക്ക് അനുകൂല ഘടകം സൃഷ്ടിക്കുന്നു. "എന്നാല്‍ ഉത്‌പാദനമേഖലയിലെ മാന്ദ്യം, ഉയര്‍ന്ന തൊഴിലില്ലായ്‌മ, വില വര്‍ധന, താഴ്‌ന്ന പ്രതിശീര്‍ഷ വരുമാനം, ഉയര്‍ന്ന ഉപഭോഗം എന്നിവ ഒത്തുചേര്‍ന്ന് കേരള സമ്പദ്‌ഘടന തികച്ചും സങ്കീര്‍ണ്ണമായ ചിത്രമാണ് പ്രദാനം ചെയ്യുന്നത്".
ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ദക്ഷിണ കൊറിയ, മലേഷ്യ, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുമായാണ് കേരളത്തെ താരതമ്യം ചെയ്യാവുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നു വ്യത്യസ്‌തമായി ആ രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണ് (11). മനുഷ്യവികസന ഇന്‍ഡെക്‌സ് അനുസരിച്ച് കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ മുന്നിട്ടു നിന്നിട്ടുണ്ടെങ്കിലും പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ സമീപകാലം വരെ താഴെയായിരുന്നു. അതേസമയം വളര്‍ച്ചയുടെ സ്വഭാവമാണ് സമ്പദ്‌ഘടന പ്രദര്‍ശിപ്പിക്കുന്നത്. "എണ്‍പതുകളുടെ അവസാനം മുതല്‍ നമ്മുടെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന വിതാനത്തിലേക്കു ഗതിമാറി. അതിപ്പോഴും തുടരുന്നു. എന്നാല്‍ ഈ വളര്‍ച്ചയ്‌ക്ക് ഒരു അടിസ്ഥാന ദൗര്‍ബല്യമുണ്ട്. ആഗോളവത്‌കരണത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍ കാര്‍ഷിക, പരമ്പരാഗത മേഖലകളെ തകര്‍ത്തു. ഈ തുറകളില്‍ ആറേഴു വര്‍ഷമായി ഏതാണ്ട് സമ്പൂര്‍ണ്ണ മുരടിപ്പാണ്. ഇതിലൊരു മാറ്റം വരുന്നു എന്നത് ശുഭോദര്‍ക്കമാണ്" (12). നീതിപൂര്‍വവും സ്ഥായിയും ആയ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയാണ് കേരളം ലക്ഷ്യമിടുന്നത്. അതേസമയം വികസനമേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ ദുര്‍ബലപ്പെടുത്തുകയും സാമൂഹികക്ഷേമ ചെലവുകള്‍ കുറയ്‌ക്കുകയും ചെയ്യുന്ന നയം പിന്തുടരുന്നുമില്ല.
ദേശീയ സ്വാതന്ത്ര്യലബ്ധിക്കു മുമ്പു നിലനിന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളിലെ വികാസങ്ങളാണ് ആധുനികകേരളത്തിന്റെ സമ്പദ്‌ഘടനയുടെ ചരിത്രപശ്ചാത്തലം. ഭൂമിശാസ്‌ത്ര സവിശേഷതകള്‍ കേരളത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക് പ്രകൃതി സമ്പത്തിന്റെ വൈവിധ്യത്തോടൊപ്പം തൊഴില്‍പരമായ വൈവിധ്യവും സമ്മാനിക്കുന്നു. മൂന്നു പ്രധാന ഭൂപ്രകൃതി മേഖലകളില്‍ ഏറ്റവും ജനസാന്ദ്രത കൂടിയ തീരസമതലത്തിലെ (ചതുരശ്ര കിലോമീറ്ററിന് 819 എന്ന കേരളത്തിന്റെ ജനസാന്ദ്രത ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണ് - 2001 സെന്‍സസ്) ഫലഭൂയിഷ്‌ഠമായ മണ്ണും നദീതാഴ്‌വരകളും കായലുകളും മീന്‍പിടിത്തത്തിനും നെല്ല്, തെങ്ങ്, പച്ചക്കറികള്‍ തുടങ്ങിയവയുടെ കൃഷിക്കും സഹായകമാണ്. ഇടനാടന്‍ പ്രദേശങ്ങളില്‍ തെങ്ങ്, നെല്ല്, മരിച്ചീനി, കമുക്, കശുമാവ്, റബര്‍, കുരുമുളക്, ഇഞ്ചി തുടങ്ങിയവ കൃഷിചെയ്യുന്നു. ജനസാന്ദ്രത കുറഞ്ഞ കിഴക്കന്‍ മലനാട്ടിലെ കാപ്പി, തേയില, റബര്‍ എന്നിവയുടെ കൃഷി കൊളോണിയല്‍ കാലഘട്ടം മുതല്‍ ആരംഭിച്ചതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടടുത്ത് കിഴക്കന്‍ മലയോരമേഖലയിലേക്കുണ്ടായ കുടിയേറ്റം സമ്പദ്‌ഘടനയുടെ വികാസത്തില്‍ വലിയ പങ്കുവഹിച്ചു.
നാണ്യവിളകള്‍ക്കും ഭക്ഷ്യവിളകള്‍ക്കും അനുയോജ്യമാണ് കേരളത്തിലെ കാര്‍ഷിക കാലാവസ്ഥാ ഘടകങ്ങള്‍. കൊളോണിയല്‍ വാഴ്‌ചക്കാലത്തെ താല്‌പര്യങ്ങളും ഭരണസംവിധാനവും കമ്പോളസ്ഥിതിയും നാണ്യവിളകള്‍ക്ക് മേല്‍ക്കോയ്‌മ നല്‍കി. കയര്‍വ്യവസായം, തടിവ്യവസായം, ഭക്ഷ്യ എണ്ണ ഉത്‌പാദനം തുടങ്ങിയവയ്‌ക്കു വഴിയൊരുക്കിയത് കൃഷിയാണ്. ധാതുക്കള്‍, രാസവസ്‌തുക്കള്‍, എന്‍ജിനീയറിങ്ങ് തുടങ്ങിയവയെ ആധാരമാക്കിയുള്ള വലിയ ആധുനിക വ്യവസായങ്ങളും ഇതിനൊപ്പം വികസിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലാ സ്ഥാപനങ്ങളും ഈ രംഗങ്ങളിലുണ്ട്. കയര്‍ നിര്‍മ്മാണം, കൈത്തറി, കരകൗശലം തുടങ്ങിയവ കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളാണ്.
കേരളത്തിന്റെ സമ്പദ്‌ഘടന കാര്‍ഷികാധിഷ്‌ഠിതമാണെന്നു പറയാനാവില്ല. ഈ പ്രാഥമിക മേഖല (കാര്‍ഷിക മേഖല) യോ വിവിധ ഉത്‌പാദന - നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദ്വിതീയ മേഖല (വ്യവസായ മേഖല) യോ അല്ല തൃതീയ മേഖലയായ സേവന മേഖലയാണ് കേരളത്തിന്റെ വികസനാനുഭവത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശം. വരുമാനത്തിന്റെയും തൊഴിലിന്റെയും വലിയ പങ്ക് ഉണ്ടാകുന്നതും ഇവിടെ നിന്നു തന്നെ. "പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളിലൂടെ കടന്ന് വികസനത്തിന്റെ ഗിരിശൃംഗങ്ങളിലേക്കു ലക്ഷ്യമിടുന്ന സാമ്പത്തിക വളര്‍ച്ചാ സിദ്ധാന്തത്തിനു കടകവിരുദ്ധമായി പ്രാഥമിക മേഖലയില്‍ നിന്നു തൃതീയ മേഖലയിലേക്കു കുതിച്ചു ചാട്ടം നടത്തി വികസിത രാജ്യങ്ങള്‍ക്കൊപ്പം ജനന മരണനിരക്കിലും സാക്ഷരതയിലും ശരാശരി ആയുസ്സിലുമൊക്കെ സ്ഥാനം പിടിച്ച കേരളം, കുറഞ്ഞ പ്രതിശീര്‍ഷ വരുമാനവും ഉയര്‍ന്ന തൊഴിലില്ലായ്‌മയും 'കൈമുതലാ'ക്കിക്കൊണ്ട് ഇവ എങ്ങനെ സാര്‍ത്ഥകമാക്കിയെന്ന ഉത്തരം കിട്ടാത്ത ചോദ്യവുമായി ഏവരുടെയും മുന്നില്‍ നിലകൊള്ളുകയാണ്. ഭാരതത്തിലെ മറ്റൊരു സംസ്ഥാനവും ഇത്തരത്തില്‍ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിട്ടില്ല. സാമ്പത്തിക രംഗത്തു മാത്രമല്ല രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും കേരളത്തിന്റെ മുതല്‍ക്കൂട്ട് വികസിത രാജ്യങ്ങളില്‍ മാതൃകയായി ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ ചര്‍ച്ചകളില്‍ 1980-കളുടെ അവസാനം ഏറ്റവും മുന്‍പന്തിയില്‍ കേരള സമ്പദ്‌ഘടന കൈവരിച്ച അപൂര്‍വ്വ നേട്ടം പില്‍ക്കാലത്ത് കേരള മാതൃക (Kerala Model) എന്ന പേരില്‍ അറിയപ്പെട്ടതാണ്" (13). ഈ മാതൃകയ്‌ക്കു നേരെ ഇന്ന് ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ത്തപ്പെടുന്നുണ്ട്. അതിന്റെ സുസ്ഥിരതയില്‍ സാമ്പത്തിക വിദഗ്‌ധര്‍ പലരും ആശങ്ക പ്രകടിപ്പിക്കുന്നു.
കേരളത്തിന്റെ സാമൂഹിക വികാസത്തിന്റെ പ്രസക്തമായ സ്രോതസ്സുകള്‍ പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ സാമൂഹിക ക്ഷേമ നയങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന ചെലവിടലും ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലെയും വിദേശത്തെയും വിശേഷിച്ചും ഗള്‍ഫ് രാജ്യങ്ങളിലെ കേരളീയര്‍ (Non resident Keralites) കൊണ്ടു വരുന്ന വന്‍തുകകളുമാണ് (14). ആധുനിക കേരളത്തിന്റെ സമ്പദ്‌ഘടനയില്‍ നിര്‍ണ്ണായകസ്ഥാനമുണ്ട് പ്രവാസി കേരളീയര്‍ക്ക്. എങ്കിലും സമ്പദ് ഘടനയുടെ വികാസത്തിനായി 2007 - 2008 ലെ ബജറ്റ് മുന്നോട്ടു വയ്‌ക്കുന്ന കര്‍മ പരിപാടികളിലെ മുഖ്യഘടകങ്ങള്‍ ഇവയാണ് :
1. കാര്‍ഷിക, പരമ്പരാഗത മേഖലകളുടെ സംരക്ഷണം
2. വിദ്യാഭ്യാസ ആരോഗ്യാദി പൊതു സൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍
3. നല്ല മത്സരശേഷിയുള്ള ഐ.ടി., വിനോദസഞ്ചാരം, ലൈറ്റ് എന്‍ജിനീയറിങ്ങ് തുടങ്ങിയ മേഖലകളിലേക്കുള്ള ചുവടുമാറ്റം.
4. മുകളില്‍പ്പറഞ്ഞ വളര്‍ച്ചാമേഖലകള്‍ക്കാവശ്യമായ ഭൗതിക പശ്ചാത്തലമൊരുക്കല്‍
5. ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കല്‍; സത്രീനീതി ഉറപ്പുവരുത്തല്‍; പരിസ്ഥിതി സംരക്ഷണം.
6. ജനാധിപത്യ അധികാര വികേന്ദ്രീകരണവും മറ്റ് ഭരണപരിഷ്‌കാരങ്ങളും അഴിമതി നിര്‍മ്മാര്‍ജ്ജനവും. (15)
വാണിജ്യബാങ്കുകള്‍, സഹകരണബാങ്കുകള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ധനവിനിമയസംവിധാനങ്ങളും ഗതാഗതരംഗത്തെ വികാസങ്ങളും വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിലെ മുന്നേറ്റങ്ങളും ശക്തമായ തൊഴിലാളി പ്രസ്ഥാനം, സഹകരണപ്രസ്ഥാനം തുടങ്ങിയവയും കേരളത്തിന്റെ സമ്പദ്‌ഘടനയുടെ ശക്തമായ അടിസ്ഥാനങ്ങളാണ്.
ഉത്സവങ്ങള്‍, ആഘോഷങ്ങള്‍
കേരളീയ ജീവിതത്തിന്റെ പ്രസരിപ്പു മുഴുവന്‍ പ്രത്യക്ഷപ്പെടുന്നത് ഉത്സവങ്ങളിലാണ്. സാമൂഹികമായ കൂട്ടായ്‌മയുടെ ആവിഷ്‌കാരങ്ങളായ ഒട്ടേറെ ഉത്സവങ്ങളുണ്ട്. മിക്ക കലകളും വളര്‍ന്നു വികസിച്ചതും ആവിഷ്‌കരിക്കപ്പെടുന്നതും ഉത്സവങ്ങളോടനുബന്ധിച്ചാണ്. ദേവാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും മതനിരപേക്ഷമായ ഉത്സവങ്ങളുമുണ്ട്. ഓണമാണ് കേരളത്തിന്റെ ദേശീയോത്സവം. വിഷു, നവരാത്രി, ദീപാവലി, ശിവരാത്രി, തിരുവാതിര എന്നിവയാണ് പ്രധാനപ്പെട്ട ഹൈന്ദവാഘോഷങ്ങള്‍. റംസാന്‍, ബക്രീദ്, മുഹറം, മിലാദി ഷരീഫ് തുടങ്ങിയവ മുസ്‌ലീങ്ങളുടെയും, ക്രിസ്‌മസ്, ഈസ്റ്റര്‍ എന്നിവ ക്രൈസ്‌തവരുടെയും. ഇവയ്‌ക്കു പുറമെ മൂന്നു മതങ്ങളുടെയും ദേവാലയങ്ങളില്‍ വ്യത്യസ്‌തമായ ഉത്സവങ്ങള്‍ നടക്കുന്നു.
പ്രധാന ഉത്സവാഘോഷങ്ങള്‍ : അടൂര്‍ ഗജമേള, അര്‍ത്തുങ്കല്‍ പെരുന്നാള്‍, അന്താരാഷ്ട്ര പാരാഗ്ലൈഡിങ്ങ് ഫെസ്റ്റിവല്‍, ആനയൂട്ട്, ആനന്ദപ്പള്ളി മരമടി, ആറന്മുള വള്ളം കളി, ആറാട്ടുപുഴ പൂരം, ആറ്റുവേല മഹോത്സവം, ആറ്റുകാല്‍ പൊങ്കാല, ഉത്രാളിക്കാവ് പൂരം, ഏഴരപ്പൊന്നാന എഴുന്നള്ളത്ത്, എടത്വാ പെരുന്നാള്‍, ഓണം, ഓച്ചിറക്കളി, കല്‌പാത്തി രഥോത്സവം, കടമ്മനിട്ട പടയണി, കുറ്റിക്കോല്‍ തമ്പുരാട്ടി തെയ്യം, കൊട്ടിയൂര്‍ ഉത്സവം, കൊടുങ്ങല്ലൂര്‍ ഭരണി, കാഞ്ഞിരമറ്റം കൊടിക്കുത്ത്, കാനത്തൂര്‍ നാല്‍വര്‍ ഭൂതസ്ഥാനം, ഗുരുവായൂര്‍ ഉത്സവം, ചമ്പക്കുളം വള്ളം കളി, ചിനക്കത്തൂര്‍ പൂരം, ചെട്ടിക്കുളങ്ങര ഭരണി, തിരുനക്കര ആറാട്ട്, തൈപ്പൂയ മഹോത്സവം, കൂര്‍ക്കഞ്ചേരി, തൈപ്പൂയ മഹോത്സവം, ഹരിപ്പാട്, തൃപ്പൂണിത്തുറ അത്തച്ചമയം, തൃശ്ശൂര്‍ പൂരം, പട്ടാമ്പി നേര്‍ച്ച, പരിയാനംപറ്റ പൂരം, പരുമല പെരുനാള്‍, പായിപ്പാട് വള്ളം കളി, പാരിപ്പള്ളി ഗജമേള, പുലിക്കളി, പെരുന്തിട്ട തറവാട് കൊറ്റംകുഴി, വള്ളിയൂര്‍ക്കാവ് ഉത്സവം, വിഷു, വൈക്കത്തഷ്ടമി ഉത്സവം, നീലമ്പേരൂര്‍ പടയണി, നെന്മാറ വല്ലങ്ങി വേല, നെഹ്‌റു ട്രോഫി വള്ളം കളി, മണര്‍കാട് പെരുനാള്‍, മലയാറ്റൂര്‍ പെരുനാള്‍, മലനട കെട്ടുകാഴ്‌ച, മച്ചാട്ട് മാമാങ്കം
കലയും സംസ്‌കാരവും
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാ-സാംസ്‌കാരിക പൈതൃകമുണ്ട് കേരളത്തിന്. നാടന്‍ കലകളും അനുഷ്‌ഠാന കലകളും ക്ഷേത്ര കലകളും മുതല്‍ ആധുനിക കലാരൂപങ്ങള്‍ വരെ കേരളീയ സാംസ്‌കാരിക ജീവിതത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നു. കേരളീയ കലകളെ പൊതുവേ രണ്ടായി തിരിക്കാം : ദൃശ്യകലകളും ശ്രവ്യകലകളും. രംഗകലകളും അനുഷ്‌ഠാനകലകളും ചിത്രകലയും സിനിമയും ദൃശ്യകലകളില്‍ ഉള്‍പ്പെടുന്നു.
കായികരംഗം
തനതായ കായികസംസ്‌കാരം നൂറ്റാണ്ടുകള്‍ക്കു മുമ്പേ കേരളം വളര്‍ത്തിയെടുത്തിരുന്നു. നാടന്‍ കളികളും, ആയോധനകലകളും, ആധുനിക കായിക വിനോദങ്ങളുമെല്ലാം ചേര്‍ന്നതാണ് കേരളത്തിന്റെ കായികരംഗം. കളരിപ്പയറ്റാണ് കേരളത്തിന്റെ തനത് കായികകല. നാടന്‍ കളികളാല്‍ സമ്പന്നമായിരുന്നു ഒരിക്കല്‍ കേരളീയ ഗ്രാമങ്ങള്‍. ആധുനിക ജീവിതശൈലിയും കായിക വിനോദങ്ങളും നാടന്‍ കളികള്‍ പലതിനെയും ലുപ്‌തപ്രചാരമാക്കിയിട്ടുണ്ടിപ്പോള്‍. നാട്ടുവിനോദങ്ങളുടെ ഭാഗമാണ് വള്ളം കളിയും.
ഫുട്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്‌സ് തുടങ്ങിയ ആധുനിക കായിക വിനോദങ്ങളില്‍ ഇന്ത്യയിലെ വന്‍ശക്തികളിലൊന്നാണ് കേരളം. ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റുകളിലൊരാളായ പി.ടി. ഉഷ കേരളത്തിന്റെ സൃഷ്ടിയാണ്.
വിനോദസഞ്ചാരം
വിനോദസഞ്ചാരികള്‍ക്കു പ്രിയങ്കരമായ “ദൈവത്തിന്റെ സ്വന്തം നാടാ”ണ് (God's Own Country) കേരളം. മലയോരങ്ങളും കടലോരങ്ങളും വനസ്ഥലികളും തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി സഞ്ചാരികള്‍ക്കു പ്രിയങ്കരമായ ഒട്ടേറെ സ്ഥലങ്ങള്‍ കേരളത്തിലുടനീളമുണ്ട്. സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ ഇവിടങ്ങളിലേക്കു പ്രവഹിക്കുന്നു. മൂന്നാര്‍, നെല്ലിയാമ്പതി, പൊന്മുടി തുടങ്ങിയ മലയോര കേന്ദ്രങ്ങളും കോവളം, വര്‍ക്കല, ചെറായി ബീച്ചുകളും, പെരിയാര്‍, ഇരവികുളം വന്യജീവി കേന്ദ്രങ്ങളും, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കായല്‍ മേഖലയും (backwaters region)വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളാണ്. സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയിലും വിനോദസഞ്ചാരം നിര്‍ണായകമായ പങ്കു വഹിക്കുന്നു. ഇന്ത്യന്‍ വൈദ്യ സമ്പ്രദായമായ ആയുര്‍വേദവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരവും സുപ്രധാനമാണ്.